06:09pm 09 November 2026
NEWS
ഇന്ന് രണ്ടു ജില്ലകളിൽ റെഡ് അലർട്ട്, മൂന്നു ജില്ലകൾക്ക് അവധി
28/05/2025  06:39 AM IST
nila
ഇന്ന് രണ്ടു ജില്ലകളിൽ റെഡ് അലർട്ട്, മൂന്നു ജില്ലകൾക്ക് അവധി

കേരളത്തിൽ അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുകയും പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തി പ്രാപിക്കാൻ സാധ്യതയേറുകയും ചെയ്തതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമായത്. ഇന്ന് എല്ലാ ജില്ലകളിലും മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. 

കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകൾക്ക് യെല്ലോ അലർട്ടുമാണുള്ളത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്നു സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റർ എന്നിവയ്ക്കും അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും പ്രഫഷനൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സർവകലാശാലാ പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല.

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. 2 ഡാമുകളിലും 24 മണിക്കൂറിനിടെ 3 അടിയോളം വെള്ളം ഉയർന്നു. മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. പത്തനംതിട്ട ജില്ലയിലെ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ പേപ്പാറ ഡാമിലെ ജല നിരപ്പിൽ കാര്യമായ പുരോഗതി.  കഴിഞ്ഞ 48 മണിക്കൂറിനിടെ ഒരു മീറ്ററോളം ജല നിരപ്പ് ഉയർന്നു. 101.75 സെന്റി മീറ്റർ ആണ് ഇന്നലെ വൈകിട്ടത്തെ ജല നിരപ്പ്. എന്നാൽ ഡാമിലെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. ജലനിരപ്പുയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിലെ 6 ഷട്ടറുകളിൽ 5 എണ്ണം 40 സെന്റിമീറ്റർ വീതം ഉയർത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img